സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ ‘മെഗാ158’യിൽ മലയാളി താരം അനശ്വര രാജൻ ഭാഗമാകുന്നു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് അനശ്വരയുടെ ടീമിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചിത്രത്തിന്റെ പൂജ ചടങ്ങ് നേരത്തെ ഗംഭീരമായി നടന്നിരുന്നു. ചിരഞ്ജീവിയുടെ സഹോദരനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ, എംഎൽസി നാഗ ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് നൽകിയതും പവൻ കല്യാണായിരുന്നു.
“മെഗാ കൊടുങ്കാറ്റിലേക്ക് പുതിയ ആകർഷണം” എന്ന കുറിപ്പോടെയാണ് നിർമ്മാതാക്കൾ അനശ്വരയെ സ്വാഗതം ചെയ്തത്. ‘ചിരുബോബി2’ എന്ന പേരിലും ചിത്രം ശ്രദ്ധ നേടുന്നുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്. ‘ജയിലർ’, ‘ദാക്കു മഹാരാജ്’, ‘ജയിലർ 2’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ വിജയ് കാർത്തിക് കണ്ണൻ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
