സംസ്ഥാന ബജറ്റിൽ പ്ലാൻ വിഹിതത്തിൽ കൃത്യമായ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് നിലവിലെ സർക്കാർ നടത്തിയതെന്നും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയോ കേരളത്തോടുള്ള വിവേചനത്തെയോ ഒരു വാക്ക് കൊണ്ട് പോലും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെപ്പോലെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് വിമർശിച്ച ബാലഗോപാൽ, കഴിഞ്ഞ വർഷം അനുവദിച്ച തുകയേക്കാൾ കുറഞ്ഞ വിഹിതമാണ് ഇത്തവണ പ്ലാൻ മേഖലയ്ക്ക് നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള വകയിരുത്തലുകളിൽ മാത്രം 8,000 കോടിയുടെ കുറവുണ്ടെന്നും കശുവണ്ടി, കയർ തുടങ്ങിയ പരമ്പരാഗത മേഖലകൾക്കും ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
20 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ മദ്യങ്ങൾക്ക് നികുതിയിളവ് നൽകുന്ന ബജറ്റ് നിർദേശം ആശങ്കാജനകമാണെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. ഇതുവഴി ശീതളപാനീയങ്ങൾ വാങ്ങുന്നതുപോലെ മദ്യം എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും വില കുറയുന്നത് മദ്യ ഉപഭോഗം വർധിപ്പിക്കാനുള്ള സാധ്യത ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ബജറ്റിൽ വെറും 10 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്ലാൻ രേഖയിൽ ഒരു ലക്ഷം രൂപ മാത്രമാണ് ടോക്കൺ തുകയായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ ബജറ്റിലെ വകയിരുത്തലുകൾ പര്യാപ്തമല്ലെന്നും, പ്രഖ്യാപനങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ അന്തരമുണ്ടെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
