രാജ്യത്തെ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. സുരക്ഷിതവും ശരിയായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകളിലൂടെ നടക്കുക ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും മോട്ടോർ വാഹന ഗതാഗതത്തേക്കാൾ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും മുൻഗണന നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(d) പ്രകാരമുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണ് നടപ്പാതകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശമെന്ന് കോടതി നിരീക്ഷിച്ചു. മാന്യവും സുരക്ഷിതവുമായ ജീവിതത്തിനായി ഗുണമേന്മയുള്ള നടപ്പാതകൾ അനിവാര്യമാണെന്നും അവ ഒരുക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
കർണാടകയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ച് മരിച്ച വിദ്യാർത്ഥിയുടെ കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. പ്രദേശത്ത് സുരക്ഷിതമായ നടപ്പാതകളില്ലായ്മയാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് കോടതി വിലയിരുത്തി. ഇതേ തുടർന്ന് ഇരയുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരം ഒരു ലക്ഷം രൂപ കൂടി വർധിപ്പിക്കാനും കോടതി ഉത്തരവിട്ടു.
രാജ്യത്തെ പല നഗരങ്ങളിലും നടപ്പാതകളുടെ അഭാവം, കൈയേറ്റം, മോശം പരിപാലനം തുടങ്ങിയ പ്രശ്നങ്ങൾ വ്യാപകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഒരു ഗൗരവമേറിയ നാഗരിക പ്രശ്നമാണെന്നും റോഡുകൾ ഉള്ളിടത്തെല്ലാം സുരക്ഷിതമായ നടപ്പാതകൾ നിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവയുടെ ബാധ്യതയാണെന്നും കോടതി ഓർമ്മിപ്പിച്ചു.
കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമഗ്രമായ നിയമനിർമാണം പരിഗണിക്കണമെന്നും കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. നഗരാസൂത്രണത്തിലും പൊതുഗതാഗത നയങ്ങളിലും ഈ ചരിത്രവിധി വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
