ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ്ജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎസ്–ഇറാൻ ധാരണയുടെ അടിസ്ഥാനത്തിൽ ജലപാത വീണ്ടും തുറന്നതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
ഇറാൻ രൂപീകരിച്ച പുതിയ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും ആവശ്യമായ പെർമിറ്റുകളും ഇൻഷുറൻസ് രേഖകളും സമർപ്പിക്കുകയും വേണം.
പുതിയ ചട്ടങ്ങൾ അനുസരിച്ച്, കപ്പൽ ഉടമകളും ഓപ്പറേറ്റർമാരും കടലിടുക്കിൽ എത്തുന്നതിന് കുറഞ്ഞത് 48 മണിക്കൂർ മുൻപ് യാത്രാനുമതിക്കായി അപേക്ഷ നൽകണം. പ്രവേശന–പുറപ്പെടൽ കേന്ദ്രങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനായി കപ്പലുകളുടെ മുഴുവൻ വിവരങ്ങളും മുൻകൂട്ടി സമർപ്പിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
ആഗോള എണ്ണ-ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിന്റെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് പി.ജി.എസ്.എ അറിയിച്ചു.
സംഘർഷാനന്തര സാഹചര്യത്തിൽ കടലിടുക്കിലെ ചില മേഖലകളിൽ മൈനുകളുടെയോ മറ്റ് അപകടങ്ങളുടെയോ സാധ്യത നിലനിൽക്കുന്നതിനാൽ, ഇറാൻ നിർദേശിച്ച പ്രത്യേക ഷിപ്പിംഗ് ഇടനാഴികളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും നിർദേശം വ്യക്തമാക്കുന്നു.
പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത കപ്പലുകൾക്ക് യാത്രാനുമതി നിഷേധിക്കപ്പെടുമെന്നും, നിയമലംഘനങ്ങളുടെ പൂർണ ഉത്തരവാദിത്തം കപ്പൽ ഉടമകൾക്കായിരിക്കുമെന്നും പി.ജി.എസ്.എ മുന്നറിയിപ്പ് നൽകി.
