തൃണമൂലിൽ കലാപം രൂക്ഷം; മമത ബാനർജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായി വിമത വിഭാഗം

പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിൽ വിമതനീക്കം ശക്തമാകുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചു. മുതിർന്ന എംഎൽഎ അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തതായും തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും വിമത നേതാക്കൾ വ്യക്തമാക്കി.

ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് പുതിയ നേതൃത്വ പ്രഖ്യാപനം നടത്തിയത്. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്നും പാർട്ടിയെ പുതിയ ദിശയിലേക്ക് നയിക്കേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് വിമതരുടെ വാദം. പാർട്ടി സ്ഥാപകയും ദീർഘകാല അധ്യക്ഷയുമായ മമത ബാനർജിയുടെ നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ചാണ് ഈ നീക്കം.

സമാന്തര സംഘടനാ സംവിധാനത്തിന് രൂപം നൽകിയതിന് പിന്നാലെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തതായും വിമത ക്യാമ്പ് അവകാശപ്പെട്ടു. സംഘടനാ തലത്തിലും നിയമസഭാ രാഷ്ട്രീയത്തിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും തുടർന്ന് പാർട്ടിക്കുള്ളിൽ ഉണ്ടായ ഭിന്നതകളും നേതൃത്വത്തിനെതിരെ അസംതൃപ്തി വർധിപ്പിച്ചിരുന്നു. നിയമസഭയിലെയും പാർലമെന്റിലെയും ചില നേതാക്കളുടെ നിലപാടുകളും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിനിടെയാണ് അധ്യക്ഷ പദവിയിലേക്കുള്ള വെല്ലുവിളിയുമായി വിമത വിഭാഗം രംഗത്തെത്തിയത്. പുതിയ നീക്കം തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നും മമത ബാനർജിയുടെ നേതൃത്വത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മറുപടി രേഖപ്പെടുത്തുക