ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിശോധനാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി രൂപീകരിച്ച നിഷ്പക്ഷ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്ന ടി.കെ. ശിവരാജനെ ഏകപക്ഷീയമായി ഒഴിവാക്കിയെന്നാണ് പരാതി. സംസ്ഥാന സർക്കാർ നിർദേശിച്ച മൂന്ന് പേരിൽ നിന്ന് കേന്ദ്ര ജല കമ്മീഷന്റെ മുൻ ചീഫ് എഞ്ചിനിയറായ ടി.കെ. ശിവരാജനെ തെരഞ്ഞെടുത്തത് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയായിരുന്നു.
എന്നാൽ പിന്നീട് അദ്ദേഹത്തെ സമിതിയിൽ നിന്ന് മാറ്റിയപ്പോൾ അതിന്റെ കാരണം കേരളത്തെ അറിയിച്ചില്ലെന്നാണ് ആരോപണം. അതേസമയം, തമിഴ്നാടിന്റെ പ്രതിനിധി സമിതിയിൽ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിനിധിയെ മാത്രം ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്.
പ്രതിനിധിയെ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിൽ പുതിയ പേര് നിർദേശിക്കാനുള്ള അവസരം കേരള സർക്കാരിന് നൽകേണ്ടതായിരുന്നുവെന്നും, പകരം ദേശീയ ഡാം സുരക്ഷാ അതോറിറ്റി തന്നെ പുതിയ പ്രതിനിധിയെ നിശ്ചയിച്ചതാണ് ആശങ്കയുണ്ടാക്കുന്നതെന്നും മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി. ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിഷ്പക്ഷ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധന നടത്താനിരിക്കെ ഉണ്ടായ ഈ നടപടി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. വിഷയത്തിൽ വ്യക്തത വരുത്തുകയും കേരളത്തിന് യഥാർത്ഥ പ്രതിനിധാനം ഉറപ്പാക്കുകയും ചെയ്യണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
