വിലകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വിഷയത്തിൽ യുഡിഎഫ് ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, നിർദേശം നിയമസഭയിൽ എത്തുന്നതിന് മുമ്പ് തന്നെ കോൺഗ്രസ്, യുഡിഎഫ് തലങ്ങളിൽ വിശദമായ ചർച്ച നടന്നിരുന്നെങ്കിൽ നിലവിലെ വിവാദങ്ങൾ ഒഴിവാക്കാനാകുമായിരുന്നുവെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ പ്രവർത്തിക്കുന്ന ബാറുകളുടെ കൃത്യമായ എണ്ണം പോലും പൊതുജനങ്ങൾക്ക് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരത്തെ മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, മദ്യവ്യാപനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സുധീരൻ വ്യക്തമാക്കി. സാമ്പത്തിക ബിൽ അവതരിപ്പിക്കുമ്പോൾ ഈ നിർദേശം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകരുതെന്നും, എല്ലാ കാര്യങ്ങളും സുതാര്യമായി ജനങ്ങളോട് വിശദീകരിച്ച് വിവാദങ്ങൾക്ക് ഇടവരുത്താതെ മുന്നോട്ടുപോകേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് നിയന്ത്രണ വിഷയത്തിൽ ആഭ്യന്തരവകുപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുധീരൻ വിലയിരുത്തി. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷകാലത്ത് സ്വീകരിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ ഖനന വിഷയത്തിലും ഇപ്പോഴും അവ്യക്തത തുടരുകയാണെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. ആലപ്പുഴ തീരദേശ മേഖലയിലെ ജനങ്ങൾ വലിയ ആശങ്കയിലാണെന്നും, അവിടെ ഒരുതരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖനന പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ സ്വകാര്യ കമ്പനികളാകുമെന്ന ആശങ്കയും സുധീരൻ പങ്കുവെച്ചു. ആലപ്പുഴ തീരത്തെ ധാതുസമ്പത്ത് ലക്ഷ്യമിട്ട് വൻകിട കോർപ്പറേറ്റുകൾ രംഗത്തുണ്ടെന്നും, മുൻ സർക്കാർ ആരംഭിച്ച നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ശാസ്ത്രീയ പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.
