എഫ്‌സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷ വേട്ടയ്ക്ക് വഴിയൊരുക്കും; കേന്ദ്രം അടിയന്തരമായി പിന്മാറണം: മുഖ്യമന്ത്രി വിഡി സതീശൻ

കേന്ദ്ര സർക്കാർ എഫ്‌സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പുതിയ ചട്ടഭേദഗതി രാജ്യത്തെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇത് ന്യൂനപക്ഷ വിഭാഗങ്ങളെയും സാമൂഹിക പ്രവർത്തന രംഗത്തുള്ള സംഘടനകളെയും ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന ആശങ്ക ഉയർത്തുന്നതായും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

“കേന്ദ്ര സർക്കാർ ഏകപക്ഷീയമായാണ് എഫ്‌സിആർഎ ചട്ടം ഭേദഗതി ചെയ്തത്. ഇതോടെ രാജ്യത്ത് സന്നദ്ധ സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകാത്ത സാഹചര്യം രൂപപ്പെടും. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണോ ഈ ഭേദഗതിയെന്ന സംശയം ഉയരുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സന്നദ്ധ സംഘടനകളെ ബാധിക്കുന്നതാണ് പുതിയ ചട്ടമെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തിന് ഇഷ്ടാനുസരണം സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ചട്ടഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക