വ്യാവസായിക എൽപിജി വിതരണ നിയന്ത്രണങ്ങൾ കേന്ദ്രം പിൻവലിച്ചു; വാണിജ്യ മേഖലക്ക് വലിയ ആശ്വാസം

വ്യാവസായികവും വാണിജ്യപരവുമായ എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസമായി, ഗാർഹികമല്ലാത്ത പാക്ക് ചെയ്ത എൽപിജി വിതരണത്തിലെ എല്ലാ മേഖലാ നിയന്ത്രണങ്ങളും സർക്കാർ നീക്കം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് വിതരണം പുനഃസ്ഥാപിച്ചതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

യുഎസ്–ഇറാൻ സമാധാന കരാറിനെയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതിനെയും തുടർന്ന് ആഭ്യന്തര എൽപിജി ഉൽപ്പാദനവും ഇറക്കുമതി ലഭ്യതയും മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രതിസന്ധിക്കിടെ താൽക്കാലികമായി നിർത്തിവച്ചിരുന്ന ബൾക്ക് എൽപിജി വിതരണത്തിൽ, മുൻകാല ഉപഭോഗത്തിന്റെ 50 ശതമാനം ഇളവ് അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

പ്രതിസന്ധിക്കിടെ അവശ്യവസ്തു നിയമപ്രകാരം സി3–സി4 സ്ട്രീമുകൾ എൽപിജി ഉൽപ്പാദനത്തിനായി മാത്രം വിനിയോഗിക്കണമെന്ന ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എൽപിജി പൂളിലേക്ക് ഇവയുടെ വഴിതിരിച്ചുവിടൽ കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശീയ എൽപിജി ഉൽപ്പാദനം പ്രതിദിനം 40,000 മെട്രിക് ടണ്ണിൽ താഴെയാകാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പെട്രോകെമിക്കൽ ഉൾപ്പെടെയുള്ള മേഖലകൾക്കായി സി3/സി4 സ്ട്രീമുകളുടെ വിഹിതം സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വാണിജ്യ ഉപഭോക്താക്കൾക്ക് സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനായി എണ്ണ വിപണന കമ്പനികളോട് (OMCs) സമഗ്ര ഡാറ്റാബേസ് നിലനിർത്താനും മന്ത്രാലയം നിർദ്ദേശിച്ചു. മേഖലാ തലത്തിലുള്ള ഏകീകൃത ഡാറ്റാ സംവിധാനം വഴി വിതരണ നിയന്ത്രണം മെച്ചപ്പെടുത്തുമെന്നും അറിയിച്ചു.

അതേസമയം, പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ് കണക്റ്റിവിറ്റി വികസനം സർക്കാർ തുടരുന്നുണ്ടെന്നും, യോഗ്യരായ എൽപിജി ഉപഭോക്താക്കളെ ഘട്ടംഘട്ടമായി PNG നെറ്റ്‌വർക്കിലേക്ക് മാറ്റുമെന്നും പ്രസ്താവനയിൽ പറയുന്നു.

ദേശീയ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ ശുദ്ധവും കാര്യക്ഷമവുമായ ഇന്ധനങ്ങളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക