ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നു; കെപിസിസി അധ്യക്ഷ പദവിയിൽ അവകാശവാദം ശക്തമാക്കി ജോസഫ് വാഴക്കൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ തന്റെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. നേതാക്കൾക്ക് ഇരട്ട പദവി നൽകുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പാർട്ടി ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും ആന്റോ ആന്റണിക്കും കെപിസിസി അധ്യക്ഷ സ്ഥാനം ആഗ്രഹിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ വാഴക്കൻ, എന്നാൽ ഇരട്ട ചുമതലകൾ നൽകുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും പറഞ്ഞു.

ഇവരിൽ ആരെയെങ്കിലും കെപിസിസി അധ്യക്ഷനാക്കിയാൽ അത് പാർട്ടിക്കോ ബന്ധപ്പെട്ട നേതാക്കൾക്കോ ഗുണകരമാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംഘടനാ പ്രവർത്തനങ്ങൾക്ക് പൂർണസമയ നേതൃത്വം ആവശ്യമാണ് എന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.

കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇപ്പോഴും അമിത പ്രാധാന്യമാണുള്ളതെന്നും ജോസഫ് വാഴക്കൻ ആരോപിച്ചു. പ്രത്യേക ഗ്രൂപ്പുകളുടെ ഭാഗമായ നേതാക്കൾക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്നും, വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി നേതാക്കളും പ്രവർത്തകരും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടിയുടെ വളർച്ചയ്ക്കും സംഘടനാ ശക്തിപ്പെടുത്തലിനും ഗ്രൂപ്പ് താൽപര്യങ്ങൾക്കപ്പുറം പ്രവർത്തിക്കുന്നവർക്കും അർഹമായ പരിഗണന ലഭിക്കേണ്ട സമയമാണിതെന്നും വാഴക്കൻ അഭിപ്രായപ്പെട്ടു. കെപിസിസി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

മറുപടി രേഖപ്പെടുത്തുക