പഞ്ചാബ് കിങ്‌സ് താരമായ ശശാങ്ക് സിങ്ങിനും പിതാവിനുമെതിരെ കേസ്; മർദനാരോപണവുമായി പാചകക്കാരൻ

പഞ്ചാബ് കിങ്‌സ് താരമായ ശശാങ്ക് സിങ്ങിനും പിതാവ് ശൈലേഷ് സിങ്ങിനും ഡ്രൈവർക്കുമെതിരെ ഭോപ്പാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിലെ പാചകക്കാരനായ വിപേന്ദ്ര സിങ് തോമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തന്നെ നിരന്തരം മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരന്റെ ആരോപണം. മനഃപൂർവം മർദിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രേവ സ്വദേശിയായ വിപേന്ദ്ര സിങ് ജൂൺ 25-നാണ് ശശാങ്ക് സിങ്ങിന്റെ ഭോപ്പാലിലെ ബംഗ്ലാവിൽ ജോലിക്കെത്തിയത്. 15,000 രൂപ ശമ്പളവും താമസവും ഭക്ഷണവും വാഗ്ദാനം ചെയ്താണ് ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് പരാതി. ആദ്യ ദിവസങ്ങളിൽ തന്നെ ഭക്ഷണത്തിന്റെ രുചിയെ ചൊല്ലി വിമർശനം നേരിട്ടതായും പിന്നീട് മൊബൈൽ ഫോൺ പിടിച്ചെടുത്തതായും അദ്ദേഹം ആരോപിച്ചു.

ഫോൺ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ശശാങ്ക് സിങ്ങും പിതാവും ഡ്രൈവറും ചേർന്ന് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവെന്ന പേരിൽ പണം ആവശ്യപ്പെട്ടതായും പരാതിക്കാരൻ പറയുന്നു.

പരാതിക്കാരന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുകളുണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, എല്ലാ ആരോപണങ്ങളും ശശാങ്ക് സിങ് നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക