കുടുംബശ്രീ മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; 134 കരാർ ജീവനക്കാർക്ക് ജോലി നഷ്ടം ; വിശദീകരണം നൽകാതെ സർക്കാർ

കുടുംബശ്രീ മിഷന് കീഴിൽ നടപ്പിലാക്കുന്ന ‘ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷൻ’ (DAY-NULM) പദ്ധതിയിലെ 134 കരാർ ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ടത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. 118 സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കരാർ ജൂൺ 30-ന് അവസാനിച്ചതിനെ തുടർന്ന് അത് പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് ഇവർക്ക് ജോലി നഷ്ടമായത്.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ വലിയ കൂട്ടപ്പിരിച്ചുവിടലായാണ് ഇതിനെ വിലയിരുത്തുന്നത്. സർക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ എൽ.ഡി.എഫ് രംഗത്തെത്തി.

നാല് സ്റ്റേറ്റ് മിഷൻ മാനേജർമാർ, 20 സിറ്റി മിഷൻ മാനേജർമാർ, 89 കമ്മ്യൂണിറ്റി ഓർഗനൈസർമാർ, 20 മൾട്ടി-ടാസ്ക് ജീവനക്കാർ, ഒരു മിഷൻ എക്സിക്യൂട്ടീവ് എന്നിവരെയാണ് സേവനത്തിൽ നിന്ന് ഒഴിവാക്കിയത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇവരുടെ സേവനം അവസാനിപ്പിച്ചു.

ജോലി നഷ്ടപ്പെട്ടവരിൽ ഒൻപത് പേർക്ക് 50 വയസിന് മുകളിലാണ് പ്രായം. 58 പേർ 40 മുതൽ 50 വയസ് വരെയും 64 പേർ 30 മുതൽ 40 വയസ് വരെയും പ്രായമുള്ളവരാണ്. ഇവരിൽ അൻപതിലധികം പേർ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.

മാർച്ച് 31-ന് അവസാനിച്ചിരുന്ന കരാർ സർക്കാർ നേരത്തെ ജൂൺ 30 വരെ നീട്ടിയിരുന്നു. എന്നാൽ ഇത്തവണ പുതുക്കാൻ തയ്യാറായില്ല. അതേസമയം, മറ്റ് ചില വിഭാഗങ്ങളിലെ കരാർ ജീവനക്കാരുടെ നിയമനം സെപ്റ്റംബർ 30 വരെ നീട്ടിയതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

നഗര ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് 2015 മുതൽ കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് DAY-NULM. നിലവിൽ പദ്ധതി ‘ദീൻദയാൽ ജൻ ആജീവിക-ഷെഹരി’ എന്ന രണ്ടാംഘട്ടത്തിലേക്ക് മാറുന്ന ഘട്ടത്തിലാണ്.

പദ്ധതിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിലവിലെ കരാർ ജീവനക്കാരെ തുടരാൻ കേന്ദ്ര സർക്കാർ ആദ്യം അനുമതി നൽകിയിരുന്നുവെന്നും പിന്നീട് ആ നിർദേശം പിൻവലിച്ചതായും പിരിച്ചുവിടപ്പെട്ട ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജൂൺ മാസത്തെ ശമ്പളം നൽകാൻ മാത്രമാണ് പിന്നീട് അനുമതി ലഭിച്ചതെന്നും അവർ പറയുന്നു.

അതേസമയം, നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കി ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരെ നിയമിക്കാനാണ് ഈ നീക്കമെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. മറ്റ് സർക്കാർ വകുപ്പുകളിലെ കരാർ ജീവനക്കാർക്കും സമാന സാഹചര്യം നേരിടേണ്ടിവരുമെന്ന ആശങ്കയും പ്രതിപക്ഷം പങ്കുവെച്ചു.

എന്നാൽ കരാർ പുതുക്കാതിരുന്നതിന്റെ കാരണം സംബന്ധിച്ചോ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചോ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

മറുപടി രേഖപ്പെടുത്തുക