രാമന്റെ പേരിൽ ഹിന്ദുക്കളെ കൊള്ളയടിക്കുന്നു; അനീതിയുടെ ‘ലങ്ക’യ്ക്ക് തീയിടാൻ തങ്ങൾ തയ്യാർ: ഉദ്ധവ് താക്കറെ

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തി. മുംബൈയിലെ ദാദറിലുള്ള ഹനുമാൻ ക്ഷേേത്രത്തിന് മുന്നിൽ സംഘടിപ്പിച്ച ‘രാമരക്ഷാ ആന്ദോളൻ’ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

രാമന്റെ പേരിൽ ഹിന്ദുക്കളെ കൊള്ളയടിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ, ഈ വിഷയത്തിൽ രാജ്യത്തെ ഹിന്ദുക്കൾ ഒന്നിച്ചു പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്തു. ഇന്ന് ഹിന്ദുക്കൾ ഒരു മയക്കത്തിലാണെന്നും, രാമന്റെ പേരിൽ നടക്കുന്ന ഈ കൊള്ളയ്‌ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കൾ ഭയന്നിരുന്ന കാലത്ത് അവർക്ക് ആത്മവിശ്വാസം പകർന്നത് തന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാൽ താക്കറെ ആണെന്നും, അതേ പാത പിന്തുടർന്ന് അനീതിയുടെ ‘ലങ്ക’യ്ക്ക് തീയിടാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ ആരംഭിച്ച കൊള്ള ഇപ്പോൾ അയോധ്യയിലെത്തിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, അയോധ്യ വെറും തുടക്കം മാത്രമാണെന്നും കാശിയും മഥുരയും അടുത്ത ലക്ഷ്യങ്ങളാണെന്ന ബിജെപിയുടെ നിലപാട് ആശങ്കാജനകമാണെന്നും അഭിപ്രായപ്പെട്ടു.

രാമചരിതമാനസിന് സ്വർണം പൂശുന്നതിനായി ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സംഭാവനയായി നൽകിയ ഒരു കിലോയിലധികം സ്വർണത്തിന്റെ കണക്ക് ചോദിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. തങ്ങൾ കടുത്ത രാജ്യസ്നേഹികളായ ഹിന്ദുക്കളാണെങ്കിലും ആരെയും വിഡ്ഢികളാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭാവനകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും, വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിലുടനീളം സമാനമായ രീതിയിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക