മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറിൽ: മന്ത്രി ടി. സിദ്ദീഖ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകളുടെ നിർമാണവും ഡിസംബറോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൽപ്പറ്റ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടൗൺഷിപ്പിൽ നിർമാണം പൂർത്തിയായ 178 വീടുകൾ ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ടൗൺഷിപ്പിലെ ആരോഗ്യകേന്ദ്രം, പൊതുമാർക്കറ്റ്, ശുചിമുറികൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കളിസ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ എന്നിവയുടെ നിർമാണം ഒക്ടോബറോടെ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

ടൗൺഷിപ്പ് നിർമാണത്തെ തുടർന്ന് പ്രദേശത്തും കൽപ്പറ്റ നഗരത്തും രൂപപ്പെടുന്ന വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സമഗ്ര പഠനം നടത്തി ബൃഹദ് പദ്ധതി തയ്യാറാക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ദുരന്തബാധിത മേഖലയിലെ കാർഷിക ഭൂമികൾ പുനഃക്രമീകരിച്ച് കർഷകർക്ക് കൈമാറുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, ഇതിനായി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ചൂരൽമലയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, ആവശ്യമായ സർക്കാർ അനുമതികൾ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പുഞ്ചിരിമട്ടം പാലത്തിന്റെ നിർമാണ നടപടികളും പുരോഗമിക്കുന്നുണ്ട്.

ടൗൺഷിപ്പിലെ റോഡുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തിട്ടുണ്ടെന്നും, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാസ്‌കി പദ്ധതിയുടെ ഭാഗമായി റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ഫയർ സ്റ്റേഷനുകൾ, സ്കിൽ പാർക്ക്, ഷെൽട്ടർ ഹോം എന്നിവയുടെ നിർമാണ പുരോഗതിയും യോഗത്തിൽ വിലയിരുത്തി

മറുപടി രേഖപ്പെടുത്തുക