സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ പാഠപുസ്തക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ക്വാർട്ടർ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ പുറത്തിറക്കുകയോ അല്ലെങ്കിൽ ഒരു മാസത്തേക്കുള്ള എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി പ്രത്യേക ബൈൻഡ് ചെയ്ത പുസ്തകങ്ങൾ തയ്യാറാക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചാത്തൻകോട്ട്നട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഒരു വിദ്യാർത്ഥി പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കണമെന്ന ആവശ്യം കുറിച്ച തുണ്ട് കടലാസ് മന്ത്രിക്ക് കൈമാറിയത്. ഇതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് വിവിധ വശങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും, നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് അനുകൂലമായ ഏകപക്ഷീയ കരാറിലാണ് ഒപ്പുവെച്ചതെന്ന് മന്ത്രി വിമർശിച്ചു. എല്ലാ അധികാരങ്ങളും കേന്ദ്രത്തിന് കൈമാറുന്ന തരത്തിലുള്ള കരാറിന് ശേഷം ഇപ്പോൾ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി മുൻ സർക്കാർ മരവിപ്പിച്ചിട്ടില്ലെന്നും, മറിച്ച് നടപ്പാക്കൽ നീട്ടിവെക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനുള്ളിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന പ്രചാരണം മാധ്യമ വാർത്തകൾ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു. പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കാവുന്ന നിരവധി പേർ പാർട്ടിയിലുണ്ടെങ്കിലും, പരിമിതമായ ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ പാർട്ടി തീരുമാനപ്രകാരമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നോമിനേറ്റ് ചെയ്ത അംഗങ്ങളെ കുറിച്ച് ചില പരാതികൾ ഉയർന്നിട്ടുണ്ടെന്നും, വിഷയത്തിൽ കോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
