എത്തനോൾ മിശ്രിത ഇന്ധനത്തിനെതിരായ വിമർശനങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. E20 പെട്രോൾ ശാസ്ത്രീയമായി പരീക്ഷിച്ച് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും രാജ്യത്തിന്റെ ഊർജ്ജ സ്വാശ്രയത്വ ലക്ഷ്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ധനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. 2023 ഏപ്രിൽ മുതൽ E15, 2024 ഏപ്രിൽ മുതൽ E19, 2025 ഏപ്രിൽ മുതൽ E20 ഇന്ധനങ്ങൾ രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്നും ഇതുവരെ കാര്യമായ സാങ്കേതിക പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 20 കോടിയിലധികം ഇരുചക്രവാഹനങ്ങളും 20 ലക്ഷത്തിലധികം നാലുചക്രവാഹനങ്ങളും E20 ഇന്ധനത്തിൽ വിജയകരമായി ഓടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്കായി E85 ഇന്ധനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എത്തനോൾ മിശ്രിത ഇന്ധനത്തിനെതിരായ വിമർശനങ്ങൾ ശക്തമായതെന്നും മന്ത്രി ആരോപിച്ചു.
ഇന്ത്യ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതായും, പെട്രോളിൽ എത്തനോൾ കലർത്തുന്നത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുകയും വായു മലിനീകരണം കുറയുകയും കർഷകർക്ക് അധിക വരുമാനം ലഭിക്കുകയും വിദേശനാണയ ചെലവ് കുറയുകയും ചെയ്യുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
എത്തനോൾ മിശ്രിത പദ്ധതി രാജ്യത്തെ കർഷകരെ ഭക്ഷ്യ ഉൽപാദകരിൽ നിന്ന് ഊർജ്ജ ഉൽപാദകരാക്കി മാറ്റുന്നുവെന്നും, ഇന്ത്യയുടെ ദീർഘകാല ഊർജ്ജ സുരക്ഷയ്ക്ക് ഈ പദ്ധതി നിർണായകമാണെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
