നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ യുഡിഎഫിനെ പൂർണമായി പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനം . സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലുമുള്ള യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്നാണ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തും. പിന്തുണ സംബന്ധിച്ച് ജില്ലാതല യോഗങ്ങൾ നാളെ ചേരും.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ മത്സരിച്ചിരുന്ന വെൽഫെയർ പാർട്ടി, ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫുമായി ധാരണയിലെത്തിയ അനുഭവത്തിന്റെ തുടർച്ചയായാണ് ഈ തീരുമാനം.

അതേസമയം, ബിജെപി ശക്തമായ മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയസാധ്യത കുറവാണെന്ന് വിലയിരുത്തുന്നിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകാനും സാധ്യതയുണ്ട്. നേമം ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിൽ ഇത്തരത്തിലുള്ള തന്ത്രം പരിഗണനയിലുണ്ടെന്നാണ് സൂചന.

ഒരു മണ്ഡലത്തിൽ പൊതുസ്വതന്ത്ര സ്ഥാനാർഥിയെ നിർത്താനുള്ള നിർദ്ദേശം കോൺഗ്രസ് തള്ളിയതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ അസന്തോഷമുണ്ട്. മാവേലിക്കരയിൽ ദളിത് നേതാവ് കെ. അംബുജാക്ഷനെയും വൈക്കത്തിൽ ദളിത് ചിന്തകൻ സണ്ണി എം. കപിക്കാടിനെയും സ്വതന്ത്രരായി മത്സരിപ്പിക്കാനാണ് നിർദ്ദേശം ഉണ്ടായിരുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ചകളും നടത്തിയതായി നേതാക്കൾ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക