പാക് അധീന കശ്മീരിൽ കടുത്ത സംഘർഷം; 38 ആവശ്യങ്ങൾക്ക് പാകിസ്ഥാന് 48 മണിക്കൂർ അന്ത്യശാസനം

പാക് അധീന കശ്മീരിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. 38 ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയം അനുവദിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പാകിസ്ഥാൻ സർക്കാരിന് അന്ത്യശാസനം നൽകി. ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

ഈ മാസം 27ന് പിഒകെയിൽ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പ്രതിഷേധ നീക്കം. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരുന്ന 12 നിയമസഭാ സീറ്റുകൾ റദ്ദാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഈ നടപടി പ്രാദേശിക രാഷ്ട്രീയത്തിൽ ഇസ്ലാമാബാദിന്റെ അനാവശ്യ ഇടപെടലാണെന്ന് ജെഎഎസി ആരോപിക്കുന്നു.

നാമനിർദ്ദേശ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി മുസാഫറാബാദിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാനും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

2023ൽ സിവിൽ സമൂഹ സംഘടനകൾ, വ്യാപാര സംഘടനകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജെഎഎസി, വൈദ്യുതി നിരക്ക് കുറയ്ക്കൽ, വിലക്കയറ്റ നിയന്ത്രണം, ഗോതമ്പ് മാവിന് സബ്സിഡി, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അവകാശം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് കഴിഞ്ഞ വർഷം മുതൽ പ്രക്ഷോഭം നടത്തുന്നത്.

മംഗള അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്നുള്ള നേട്ടങ്ങൾ പ്രാദേശിക ജനങ്ങൾക്ക് ലഭിക്കണമെന്നും രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള പ്രത്യേക ആനുകൂല്യങ്ങൾ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ദുകളും ധർണകളും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെ നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി ജെഎഎസി നേതാക്കൾ ആരോപിച്ചു. സർക്കാർ നടപടികൾ മൂലം ഭക്ഷണവും മരുന്നുകളും ലഭ്യമാകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അടിയന്തര മാനുഷിക സഹായം ആവശ്യമാണ് എന്നും സംഘടന വ്യക്തമാക്കി.

പാകിസ്ഥാൻ ഈ പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് സാമ്പത്തികമായി തങ്ങളെ പിന്നാക്കം നിർത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം, ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാട് ഇന്ത്യ തുടർച്ചയായി ആവർത്തിച്ചുവരികയാണ്.

മറുപടി രേഖപ്പെടുത്തുക