ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാനുമായി പുതിയ ആണവ കരാർ രൂപീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, ഇസ്രായേൽ പ്രതിരോധ രംഗത്ത് കൂടുതൽ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും ഭാവിയിൽ യുഎസിൽ നിന്നുള്ള സൈനിക സഹായം ക്രമേണ കുറച്ച് പൂർണമായും അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതിക്ക് പരിഹാരം കാണാൻ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരാറുകൾ ലംഘിക്കുന്ന പഴയ സമീപനം ഇറാൻ ആവർത്തിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ട്രംപ് മടിക്കില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഇറാനുമായി നടത്തുന്ന ചർച്ചകൾക്ക് അവസരം നൽകേണ്ടതുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾ ആശങ്ക ഉയർത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറുകളിൽ ഒപ്പുവച്ചതിന് പിന്നാലെ തന്നെ അവ ലംഘിച്ച ചരിത്രമാണ് ഇറാനിനുള്ളതെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, അതേ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ ഇറാന്റെ സമീപനത്തിനെതിരെ ഡൊണാൾഡ് ട്രംപും രൂക്ഷ വിമർശനം ഉന്നയിച്ചു. ഇറാനിയൻ പ്രതിനിധികളുമായി തങ്ങൾ മികച്ച ധാരണയിലെത്തിയിരുന്നുവെന്ന് അവകാശപ്പെട്ട ട്രംപ്, കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ തന്നെ ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ആരോപിച്ചു.
കരാറിൽ ഒപ്പുവെച്ച ശേഷം ആണവ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും സമാധാനപരമായ സമീപനം സ്വീകരിക്കുമെന്നും ഇറാൻ ഉറപ്പുനൽകിയിരുന്നുവെന്നും, എന്നാൽ മണിക്കൂറുകൾക്കകം ആക്രമണം നടത്തിയതിലൂടെ ആ വാഗ്ദാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ഇതാണ് ഇറാനെതിരെ വ്യോമാക്രമണം നടത്താൻ അമേരിക്കയെ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതവും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് തുറന്നതുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള ദീർഘകാല സൈനിക സഹകരണത്തെക്കുറിച്ചും നെതന്യാഹു പ്രതികരിച്ചു. ഇറാന്റെ ആണവ, മിസൈൽ ഭീഷണികളെ നേരിടുന്നതിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് ഇസ്രായേൽ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബരാക് ഒബാമ, ഡൊണാൾഡ് ട്രംപ് എന്നിവരുടെ ഭരണകാലത്ത് ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറുകളും അദ്ദേഹം പരാമർശിച്ചു.
എന്നാൽ പ്രതിരോധ മേഖലയിലെ ആഭ്യന്തര ശേഷി വർധിപ്പിച്ച ഇസ്രായേൽ ഇന്ന് കൂടുതൽ സ്വയംപര്യാപ്തമായിരിക്കുകയാണെന്നും, ഭാവിയിൽ യുഎസ് സൈനിക സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് സഹായം ഘട്ടംഘട്ടമായി കുറച്ച് ഒടുവിൽ പൂജ്യത്തിലേക്ക് എത്തിക്കാനാകുമെന്ന അദ്ദേഹത്തിന്റെ പരാമർശം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്.
