തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബിജെപിക്കുള്ളിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. മണ്ഡലം അടിസ്ഥാനത്തിൽ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്താനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറ്റന്നാൾ കേരളത്തിലെത്തുന്ന സാഹചര്യത്തിൽ വിഷയത്തിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന.
ഇതിനിടെ, പാർട്ടിക്കുള്ളിലെ വിവരങ്ങൾ പുറത്തേക്ക് ചോർന്ന സംഭവത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവരങ്ങൾ പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്തുന്നതിനും അന്വേഷണം വ്യാപിപ്പിക്കുന്നതിനുമാണ് നീക്കം.
അതേസമയം, പാർട്ടി പതാക വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ സമർപ്പിച്ചെന്ന പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആരോപണവും ഉയരുന്നു. 3.25 ലക്ഷം രൂപയുടെ വ്യാജ ബിൽ തയ്യാറാക്കിയെന്നാരോപിച്ച് വാമനപുരം സ്വദേശിയായ ഒരു വ്യാപാരി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗം മണ്ഡലം തലം മുതൽ കേന്ദ്രതലം വരെ ഓഡിറ്റിന് വിധേയമാക്കിയിരുന്നുവെന്നാണ് ബിജെപി നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങളിൽ വിവിധ ചെലവുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണങ്ങളാണ് ശക്തമായത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ, വാഹന വാടക, ദേശീയ നേതൃത്വം സൗജന്യമായി നൽകിയ പാർട്ടി പതാകകൾ എന്നിവയുടെ ചെലവുകളിലാണ് പ്രധാന ആരോപണങ്ങൾ ഉയരുന്നത്. ഹെലികോപ്റ്റർ വാടക ഉൾപ്പെടെയുള്ള ചില ചെലവുകൾ യഥാർത്ഥത്തേക്കാൾ കൂടുതലായി കണക്കാക്കി ബില്ലുകൾ തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ബില്ലിൽ, പാർട്ടി പതാകകൾ വാങ്ങിയെന്ന പേരിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. എന്നാൽ, ആ സ്ഥാപനം പാർട്ടി പതാകകൾ വിൽക്കുന്നില്ലെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ദേശീയ നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഹോട്ടൽ ബുക്കിംഗ് ചെലവുകളും ഹെലികോപ്റ്റർ ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകളും യഥാർത്ഥത്തേക്കാൾ ഉയർത്തിക്കാട്ടിയെന്നാണ് മറ്റൊരു ആരോപണം. ചില നേതാക്കളുടെ സാമ്പത്തിക ഇടപാടുകളും വായ്പാ തിരിച്ചടവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ആഭ്യന്തര പരിശോധനയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ, ആരോപണങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്വേഷണവും പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
