ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞരുടെ രാജി പരമ്പര; കേന്ദ്രം ഇടപെടുന്നു

ഐഎസ്ആർഒയിലെ പ്രധാന പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കേന്ദ്ര ബഹിരാകാശ മന്ത്രാലയം. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി, സ്വമേധയാ വിരമിക്കൽ അപേക്ഷകൾ എന്നിവ ഇനി അതത് കേന്ദ്രങ്ങൾ നേരിട്ട് അംഗീകരിക്കില്ലെന്ന് പുതിയ നിർദേശം.

ജൂലൈ 14-ന് പുറത്തിറക്കിയ ആന്തരിക മെമ്മോ പ്രകാരം, ഗഗൻയാനും മറ്റ് സുപ്രധാന പദ്ധതികളും പൂർത്തിയാകുന്നതുവരെ ഇത്തരം അപേക്ഷകൾ കേന്ദ്ര ഡയറക്ടർമാർ അംഗീകരിക്കരുത്. ഡയറക്ടറുടെ ശുപാർശയോടെ അപേക്ഷകൾ ബഹിരാകാശ മന്ത്രാലയത്തിന് കൈമാറണമെന്നും അന്തിമ തീരുമാനം മന്ത്രാലയമാണ് സ്വീകരിക്കുകയെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

അടുത്തിടെ ഐഎസ്ആർഒയിൽ രാജികളുടെ എണ്ണം വർധിച്ചതായി ബഹിരാകാശ മന്ത്രാലയം പരോക്ഷമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ രാജിവച്ചെന്ന ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. ഐഎസ്ആർഒ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ സമീപകാലത്ത് രാജിവച്ചതായാണ് സൂചന. ഇവരിൽ ഭൂരിഭാഗവും യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ (URSC) നിന്നുള്ളവരും, ശ്രദ്ധേയമായൊരു വിഭാഗം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ട്.

എൽവിഎം-3 പദ്ധതിയുടെ മുൻ പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫ്, സ്പേഡെക്സ് പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ-3 ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച യുവ ശാസ്ത്രജ്ഞൻ എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ചന്ദ്രയാൻ-3 ലാൻഡിംഗിനായി ഒരു ലക്ഷത്തിലധികം പരിശോധനകൾക്ക് നേതൃത്വം നൽകുകയും ഏകദേശം 25 ടെറാബൈറ്റ് ഡാറ്റ തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്ത പ്രോജക്ട് മാനേജർ ആദിത്യ റല്ലപ്പള്ളിയും ഐഎസ്ആർഒ വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജി വർധിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പ്രതികരിച്ചു. രാജികൾ നടക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും എല്ലാ സ്ഥാപനങ്ങളിലും ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ദൗത്യങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്നും, ഒരാൾ രാജിവെച്ചാൽ മറ്റൊരാൾക്ക് ആ ചുമതല ഏറ്റെടുക്കാൻ സംവിധാനമുണ്ടെന്നും ഐഎസ്ആർഒ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഐഎസ്ആർഒയിൽ 14,600-ലധികം ജീവനക്കാരുണ്ടെങ്കിലും, പ്രധാന പദ്ധതികളിൽ പരിചയസമ്പന്നരായ ശാസ്ത്രജ്ഞർ രാജിവെക്കുന്നത് ആശങ്കയുണ്ടാക്കുന്നതായാണ് വിലയിരുത്തൽ. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാറ്റിസ്ഥാപിക്കുന്നത് സാധാരണ ഒഴിവുകൾ നികത്തുന്നതുപോലെ എളുപ്പമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്നാണ് ബഹിരാകാശ മന്ത്രാലയത്തിന്റെ വിശദീകരണം.

2020-ലെ ചട്ടങ്ങൾ പ്രകാരം ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി അംഗീകരിക്കാൻ അതത് കേന്ദ്ര ഡയറക്ടർമാർക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ ഗഗൻയാനും മറ്റ് സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിലും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ കാര്യത്തിൽ ആ അധികാരം പിൻവലിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക