കേന്ദ്ര സർക്കാരിന്റെ വിവാദമായ വഖഫ് അമെൻഡ്മെന്റ് ആക്ട് 2025 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. പുതുക്കിയ നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രാഷ്ട്രീയ സമ്മർദ്ദത്തിലായിരിക്കുകയാണ്.
വഖഫ് ബോർഡിൽ മുസ്ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നതടക്കമുള്ള കേന്ദ്ര ഭേദഗതിയിലെ വ്യവസ്ഥകളെ ലീഗ് നേരത്തെ തന്നെ എതിർത്തിരുന്നു. എന്നാൽ, നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി പുതിയ ബോർഡ് രൂപീകരിക്കുമെന്ന് വഖഫ് മന്ത്രി കൂടിയായ ലീഗ് പ്രതിനിധി എൻ. ശംസുദ്ദീൻ വ്യക്തമാക്കിയതോടെയാണ് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ശക്തമായത്.
കേന്ദ്ര ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡിൽ രണ്ട് മുസ്ലിം ഇതര അംഗങ്ങളെയും ഒരു ഷിയാ വിഭാഗം പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. നിലവിലെ വഖഫ് ബോർഡിന്റെ ഘടന ഇതിന് അനുസരിച്ചല്ല. നിയമപരമായ നടപടികൾ പാലിക്കേണ്ടതിനാൽ പുതിയ നിയമപ്രകാരം തന്നെ ബോർഡ് പുനഃസംഘടിപ്പിക്കേണ്ടിവരുമെന്നാണ് മന്ത്രി എൻ. ശംസുദ്ദീൻ വ്യക്തമാക്കിയത്.
എന്നാൽ, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഈ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വഖഫ് ബോർഡിൽ മുസ്ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും, കോടതി ഉത്തരവിന്റെ പേരിൽ നയത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച വഖഫ് ബോർഡ് യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് നിയമം പാലിച്ചല്ല രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അതിന്റെ പ്രവർത്തനം മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്.
ഇതിനിടെ, പാർട്ടിയും മന്ത്രിയും സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃത്വം പാണക്കാട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വഖഫ് വിഷയത്തിലെ തുടർ നിലപാട് യോഗത്തിൽ നിർണയിക്കുമെന്നാണ് സൂചന.
