സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് വെറും രണ്ട് മാസം പിന്നിടുമ്പോൾ തന്നെ ഭരണകക്ഷിയായ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതയും ഗ്രൂപ്പ് പോരും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയെ ഉൾപ്പെടുത്തിയെന്ന വിവാദവും, അതിനെ തുടർന്നുണ്ടായ കെഎസ്‌യുവിന്റെ പ്രതിഷേധത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണവും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം കൂടുതൽ രൂക്ഷമാക്കി.
വിവാദം ശക്തമായിരിക്കെ കൊച്ചി തേവര കോളേജിൽ നടന്ന പൊതുപരിപാടിക്കിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി മുഖാമുഖം കാണാതെ മടങ്ങിയ സംഭവം പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായി. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ അനുകൂലിച്ചും വിമർശിച്ചും മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ ഭിന്നത മറനീക്കി പുറത്തുവന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചു. സമരങ്ങളിലൂടെ വളർന്നുവന്ന വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്‌യുവിനെ തള്ളിപ്പറയാൻ കോൺഗ്രസിലെ ഒരു നേതാവിനും കഴിയില്ലെന്നും, പാർട്ടിയുടെ തിരുത്തൽ ശക്തിയാണ് കെഎസ്‌യുവെന്നും അവർ പറഞ്ഞു. അതിന്റെ സംസ്ഥാന പ്രസിഡന്റിനെ അവഗണിക്കുന്നത് ശരിയായ സന്ദേശമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടൻ എംഎൽഎയും പരോക്ഷ വിമർശനവുമായി രംഗത്തെത്തി. ജനങ്ങളുടെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ അധികാരത്തിലെത്തിയതെന്നും, ആ ഉത്തരവാദിത്തബോധം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, കെ.പി.സി.സി വക്താക്കളായ വി.ആർ. അനൂപും ജിന്റോ ജോണും സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചത് ഔദ്യോഗിക നേതൃത്വത്തെ കൂടുതൽ അസ്വസ്ഥരാക്കി. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ കെഎസ്‌യു നേതാക്കൾക്ക് അവസരം നിഷേധിച്ചുവെന്നായിരുന്നു അനൂപിന്റെ വിമർശനം. “പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ്; തെരുവിൽ ചോര ചിന്തിയത് ഈ പിള്ളേരാണ്” എന്നായിരുന്നു ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഇതിനിടെ, മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രിമാരും നേതാക്കളും രംഗത്തെത്തി. കെ.പി. നൗഷാദലി എംഎൽഎ മുഖ്യമന്ത്രി കെഎസ്‌യുവിനെ അപമാനിച്ചിട്ടില്ലെന്നും ഭരണപരമായ തീരുമാനങ്ങൾ മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. മന്ത്രിമാരായ എം. ലിജുവും എ.പി. അനിൽകുമാറും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. പോഷകസംഘടനകൾ അവരുടെ പരിധി ലംഘിക്കരുതെന്നും സർക്കാർ സംവിധാനത്തെ സംഘടനാ രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, വി.ആർ. അനൂപിനെയും ജിന്റോ ജോണിനെയും പാർട്ടിയുടെ മീഡിയ പാനലിൽ നിന്നും ചാനൽ ചർച്ചകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പ്രതിപക്ഷ പാർട്ടികൾക്ക് ആയുധമാകുകയാണെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
ഇതിനിടെ, നിലവിലെ കെ.പി.സി.സി അധ്യക്ഷൻ മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ വ്യക്തമായ ഏകോപനത്തിന്റെ അഭാവമുണ്ടെന്ന വിമർശനവും ശക്തമാണ്. പാർട്ടി-സർക്കാർ ഏകോപന സമിതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്നും, മുഖ്യമന്ത്രി പല നിർണായക തീരുമാനങ്ങളും ഏകപക്ഷീയമായി കൈക്കൊള്ളുന്നുവെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
പവർകട്ട് ഉൾപ്പെടെയുള്ള ഭരണപരമായ വെല്ലുവിളികൾ സർക്കാർ നേരിടുന്നതിനിടെയാണ് കോൺഗ്രസിലെ ഈ പരസ്യ അഭിപ്രായഭിന്നതകൾ പുറത്തുവരുന്നത്. എഐസിസി നേതൃത്വത്തിനും സംഭവവികാസങ്ങളിൽ അതൃപ്തിയുണ്ടെന്ന സൂചനകൾക്കിടെ, സംസ്ഥാനത്ത് ശക്തമായ കെ.പി.സി.സി നേതൃത്വത്തിന്റെ അഭാവം പാർട്ടിയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണെന്നാണ് വിലയിരുത്തൽ.
