തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങിയ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു . തിരുവനന്തപുരം ഈസ്റ്റ് റോട്ടറി ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
ഹോട്ടലിലെ ലിഫ്റ്റിൽ കയറിയതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് ലിഫ്റ്റ് പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. ശശി തരൂരിനൊപ്പം എട്ട് പേരും ലിഫ്റ്റിലുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിവരം ലഭിച്ച അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്ന് എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തു.
രക്ഷപ്പെട്ടതിന് പിന്നാലെ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിന് ശശി തരൂർ നന്ദി അറിയിച്ചു. ഏകദേശം അരമണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നെങ്കിലും വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലും പ്രതികരിച്ച തരൂർ, ലിഫ്റ്റിൽ കുടുങ്ങിയതിനേക്കാൾ പിന്നീട് പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പ്രധാന യോഗങ്ങളിൽ വൈകിയെത്തേണ്ടി വന്നതാണ് വലിയ പ്രശ്നമായതെന്ന് രസകരമായി കുറിച്ചു.
