സിപിഎമ്മിൽ വൻ അഴിച്ചുപണി വരുന്നു ; സംഘടനയെ അടിമുടി പുതുക്കാൻ നേതൃത്വം

സിപിഎമ്മിൽ വ്യാപകമായ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾക്ക് നേതൃത്വം ഒരുങ്ങുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ അടിമുടി പുതുക്കിപ്പണിയുന്ന നടപടികളാണ് ഇനി സ്വീകരിക്കുകയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. സംഘടനയുടെ എല്ലാ തലങ്ങളിലും ചർച്ചകൾ നടത്തി, താഴെത്തട്ട് മുതൽ മേൽത്തട്ട് വരെ പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമായിരിക്കും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയെ കാലാനുസൃതമായി നവീകരിക്കുന്നതിനുമാണ് മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സംഘടനാപരമായ പരിഷ്‌കരണങ്ങൾക്കൊപ്പം പ്രത്യയശാസ്ത്രപരമായ വിഷയങ്ങളും വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പ്രചാരണം പൂർണമായും മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുവെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തന വീഴ്ചകൾ, സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, ഇടത് രാഷ്ട്രീയത്തിന്റെ ആശയങ്ങൾ ജനങ്ങൾക്കിടയിൽ ഫലപ്രദമായി എത്തിക്കാൻ കഴിയാതിരുന്നത് തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവി പ്രവർത്തനരേഖയും സംഘടനാ നവീകരണവും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനായി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരും. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് ഈ യോഗം വഴിയൊരുക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക