ബിറ്റ്ചാറ്റിനെതിരെ കേന്ദ്ര നീക്കം; പ്രതിഷേധങ്ങൾക്കിടെ ഓഫ്‌ലൈൻ മെസേജിങ് ആപ്പിന് നിയന്ത്രണം; എന്താണ് ബിറ്റ്ചാറ്റ്?

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇന്റർനെറ്റ് ഇല്ലാതെയും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന ‘ബിറ്റ്ചാറ്റ്’ (BitChat) ആപ്പിനെതിരെ കേന്ദ്ര സർക്കാർ നടപടിയിലേക്ക്. ആപ്പിന്റെ പ്രധാന കോഡ് റിപ്പോസിറ്ററികൾ തടയാൻ ഗിറ്റ്ഹബിനോട് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. രാജ്യസുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളിയാകുന്ന സാങ്കേതിക സംവിധാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ഇടപെട്ടത്.

ട്വിറ്റർ (എക്സ്) സഹസ്ഥാപകനായ ജാക്ക് ഡോർസി വികസിപ്പിച്ച ബിറ്റ്ചാറ്റുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായി.

മൊബൈൽ നെറ്റ്വർക്കുകളോ ഇന്റർനെറ്റോ കേന്ദ്രീകൃത സെർവറുകളോ ഇല്ലാതെയും പ്രവർത്തിക്കുന്ന ഡീസെൻട്രലൈസ്ഡ് പിയർ-ടു-പിയർ മെസേജിങ് പ്ലാറ്റ്ഫോമാണ് ബിറ്റ്ചാറ്റ്. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഫോൺ നമ്പറോ ഇമെയിൽ വിലാസമോ ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കേണ്ടതില്ല.

ബ്ലൂടൂത്ത് ലോ എനർജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. സമീപത്തുള്ള ഉപയോക്താക്കളുടെ ഫോണുകൾ തമ്മിൽ നേരിട്ട് ബന്ധിപ്പിച്ച് സന്ദേശങ്ങൾ കൈമാറുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. വലിയ ജനക്കൂട്ടങ്ങൾക്കിടയിൽ ഓരോ ഫോണും ഒരു റിലേ പോയിന്റായി പ്രവർത്തിച്ച് സന്ദേശങ്ങൾ അടുത്ത ഉപയോക്താവിലേക്ക് കൈമാറാൻ സഹായിക്കും.

ഡൽഹിയിലെ വിവിധ പ്രതിഷേധ കേന്ദ്രങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിയന്ത്രിക്കപ്പെട്ട സാഹചര്യത്തിൽ, പ്രതിഷേധക്കാർക്കും വിദ്യാർഥികൾക്കും പരസ്പരം ആശയവിനിമയം നടത്താൻ ബിറ്റ്ചാറ്റ് പോലുള്ള ഓഫ്‌ലൈൻ ആപ്പുകൾ സഹായകമായതായി റിപ്പോർട്ടുകളുണ്ട്.

ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലും സമീപത്തുള്ള ഉപകരണങ്ങൾ തമ്മിലുള്ള ബ്ലൂടൂത്ത് ബന്ധം ഉപയോഗിച്ച് വിവരങ്ങൾ കൈമാറാൻ സാധിച്ചതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ഇതുവഴി പ്രതിഷേധ പ്രവർത്തനങ്ങളുടെ ഏകോപനവും വിവരവിനിമയവും തടസ്സപ്പെടാതെ തുടരാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.

കേന്ദ്രീകൃത സെർവറുകളോ ഉപയോക്തൃ തിരിച്ചറിയൽ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ആരാണ് സന്ദേശം അയച്ചത്, ആരിലേക്കാണ് കൈമാറിയത് എന്നീ വിവരങ്ങൾ കണ്ടെത്താനാകാത്തത് സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര സാഹചര്യങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കാനും അക്രമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത്തരം പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഐ4സിയുടെ ആശങ്ക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി നിയമങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ ചൂണ്ടിക്കാട്ടി ഗിറ്റ്ഹബിനോട് ബിറ്റ്ചാറ്റിന്റെ കോഡ് റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

സാങ്കേതിക സ്വാതന്ത്ര്യവും ദേശീയ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ നടപടി വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക