ജമ്മു കശ്മീർ വിഭജനം ഇന്നും അംഗീകരിക്കുന്നില്ല; സിപിഐ എം പ്രതിഷേധത്തിന്

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ 2019 ഓഗസ്റ്റ് 5ലെ തീരുമാനത്തിനെതിരെ ശ്രീനഗറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5ന് ലാൽ ചൗക്കിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധം നടക്കുമെന്ന് സിപിഐ എം ജമ്മു കശ്മീർ സെക്രട്ടറി മുഹമ്മദ് അബ്ബാസ് റാത്തർ അറിയിച്ചു.

ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019 ഓഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

അന്നത്തെ തീരുമാനം പാർട്ടി അംഗീകരിച്ചിരുന്നില്ലെന്നും ഇന്നും അതേ നിലപാടിലാണ് സിപിഐ എമ്മെന്നും റാത്തർ പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിപ്രായം തേടാതെയും സമ്മതം വാങ്ങാതെയും കേന്ദ്രം ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

“ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചരിത്രപ്രാധാന്യമുള്ള സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടി ജനാധിപത്യവിരുദ്ധമായിരുന്നു. ഈ തീരുമാനം ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ജനാധിപത്യപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ അതിനെ എതിർക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.

സാധാരണയായി കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനങ്ങളാക്കി ഉയർത്തുന്ന പ്രവണതയാണ് രാജ്യത്തുള്ളതെങ്കിലും, ജമ്മു കശ്മീരിനെ ഒരു സംസ്ഥാനത്തിൽ നിന്ന് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് അഭൂതപൂർവമായ നടപടിയാണെന്നും റാത്തർ അഭിപ്രായപ്പെട്ടു. പുതിയ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ രൂപീകരിക്കുമ്പോൾ ജനങ്ങളെയും ബന്ധപ്പെട്ട കക്ഷികളെയും വിശ്വാസത്തിലെടുക്കാറുണ്ടെങ്കിലും ജമ്മു കശ്മീരിന്റെ കാര്യത്തിൽ അത്തരം കൂടിയാലോചനകൾ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയത് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭ്യമായ ഭരണഘടനാ സംരക്ഷണങ്ങളെയും ദുർബലപ്പെടുത്തുന്ന മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സിപിഐ എമ്മിന്റെ നിലപാടെന്നും റാത്തർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക