യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സംഘപരിവാർ അജണ്ടകൾക്ക് കീഴടങ്ങുന്നു: പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി വിഷയത്തിൽ അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് പൂർണമായും നിലപാട് മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യുഡിഎഫ് സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.

പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും, എൽഡിഎഫ് സർക്കാർ ഒരിക്കലും അതിന് വഴങ്ങിയിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് ഒപ്പുവെച്ച ധാരണാപത്രം പദ്ധതി നടപ്പാക്കാനായിരുന്നില്ലെന്നും, കേന്ദ്രം തടഞ്ഞുവെച്ച മറ്റ് ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നീട് പദ്ധതി മരവിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തായിരിക്കുമ്പോൾ പിഎം ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച യുഡിഎഫ്, അധികാരത്തിലെത്തിയതോടെ അതേ പദ്ധതിയെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുന്നണി യോഗത്തിൽ പദ്ധതി അംഗീകരിക്കുകയും അത് നയപരമായ തീരുമാനമായി പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ ജനങ്ങളെയും സ്വന്തം പ്രവർത്തകരെയും യുഡിഎഫ് വഞ്ചിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി തുക കൈപ്പറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വന്നുവെന്നും, പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് നിയമപരമായ തടസമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സംഘപരിവാർ അജണ്ടകൾക്ക് കീഴടങ്ങുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു. വഖഫ് വിഷയത്തിലും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പിഎം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ സംബന്ധിച്ച് ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറഞ്ഞ് യുഡിഎഫ് മാപ്പ് പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക