ഷിഗെല്ല ; ഈ മുൻകരുതലുകൾ നമുക്ക് വീടുകളിൽ സ്വീകരിക്കാം

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചത് പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. പനിയും ഛർദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ മുന്നൂറിലധികം കുട്ടികളിൽ രണ്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഈ രോഗം, ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകൾ കുടലിൽ ഉണ്ടാക്കുന്ന അണുബാധയാണ്. നിപ വൈറസ് പോലെ തന്നെ അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും പകരുന്നത്. രോഗബാധിതരായ വ്യക്തികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഷിഗെല്ല കൂടുതൽ ഗുരുതരമാകുന്നത്. രോഗികളുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും അവരുടെ മലത്തിലൂടെ ബാക്ടീരിയകൾ പുറത്തുവരുന്നതിനാൽ മറ്റുള്ളവരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്.

രക്തവും പഴുപ്പും കലർന്ന മലം, ശക്തമായ വയറിളക്കം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, കടുത്ത നിർജലീകരണം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കകളെയും ബാധിക്കാൻ ഇടയാക്കും.

ശീതീകരിച്ച് സൂക്ഷിക്കുന്ന ഇറച്ചി, മുട്ട, പാൽ, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ ഇവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആർ.എസ് ലായനി എന്നിവ നൽകി എത്രയും വേഗം ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.

വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള പ്രധാന വഴി. ഭക്ഷണം പൂർണ്ണമായും വേവിച്ചു മാത്രം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പഴകിയ ആഹാരം ഒഴിവാക്കുക, ഈച്ചകൾ വരാത്ത വണ്ണം ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കുക എന്നിവ നിർബന്ധമാക്കണം. കൂടാതെ, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുകയും, ഭക്ഷണത്തിന് മുൻപും മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകാൻ കുട്ടികളെ ശീലിപ്പിക്കുകയും വേണം. കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

മറുപടി രേഖപ്പെടുത്തുക