മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയ കേസിൽ തുണി കഴുത്തിൽ മുറുക്കിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, അദ്നാന്റെ മരണം ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. അദ്നാന്റെ മൃതദേഹം മൂക്കും വായും സെല്ലോ ടേപ്പ് ചുറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കോഴിക്കോട് ചെലവൂരിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ആദ്യം കള്ളൻ കയറിയെന്നായിരുന്നു സംശയം. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുകളിൽ നിലയിലെ കിടപ്പുമുറിയിൽ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ചെലവൂർ സ്വദേശിയായ 16കാരി നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദ്നാനാണ് പ്രതി. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊല്ലാനും ഇയാൾ ശ്രമിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ, അദ്നാനെ മുകളിലെ മുറിയിൽ പൂട്ടിയിട്ടാണ് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തിരികെ എത്തിയപ്പോൾ മുറി തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അദ്നാൻ പെൺകുട്ടിയുടെ വീട്ടിൽ തന്നെ താമസിച്ചുവരികയായിരുന്നു. ഇയാളുടെ സ്വഭാവദോഷം പെൺകുട്ടി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
