സമാധാനപരമായ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ഭരണപരമായ ക്രമീകരണങ്ങൾക്ക് ഇന്ത്യയും ഓസ്‌ട്രേലിയയും അന്തിമരൂപം നൽകി. ഇന്ത്യയുടെ ശുദ്ധ ഊർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതും ഊർജ്ജ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ സുപ്രധാന നീക്കമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
വാർഷിക ഇന്ത്യ–ഓസ്‌ട്രേലിയ നേതൃ ഉച്ചകോടിക്ക് ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ആണവോർജ്ജ മേഖലയിലെ നിർണായക കരാറാണ് ഇരു രാജ്യങ്ങളും കൈവരിച്ചതെന്നും, ഇതിലൂടെ ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യുറേനിയം വിതരണത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം വിതരണം ഇന്ത്യയുടെ ശുദ്ധ ഊർജ്ജ അഭിലാഷങ്ങൾക്ക് പുതിയ ഊർജം പകരും. ആണവോർജ്ജ മേഖലയിലെ സഹകരണം ഇരുരാജ്യ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടും,” മോദി പറഞ്ഞു.
2015-ൽ നിലവിൽ വന്ന ഓസ്‌ട്രേലിയ–ഇന്ത്യ ആണവ സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണപരമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. ഇതോടെ ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഔദ്യോഗികമായി സജ്ജമായി. യുറേനിയം സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഊർജ്ജ സുരക്ഷ, വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി, ശുദ്ധ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള പരിവർത്തനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിതരണത്തിലും ചരക്ക് വിലകളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഇരു നേതാക്കളും തുറന്ന വിപണിയോടും നിയമാധിഷ്ഠിത വ്യാപാര വ്യവസ്ഥയോടും പിന്തുണ പ്രഖ്യാപിച്ചു.
ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പ്രധാന വിതരണക്കാരിൽ ഒരാളാണ് ഓസ്‌ട്രേലിയ. അതേസമയം ദ്രാവക ഇന്ധനങ്ങളുടെയും ഡൗൺസ്ട്രീം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പ്രധാന വിതരണക്കാരനെന്ന നിലയിൽ ഇന്ത്യയുടെ പങ്കും ഓസ്‌ട്രേലിയ അംഗീകരിച്ചു. ഊർജ്ജ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത ഊർജ്ജ പ്രവാഹം ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.
പുനരുപയോഗ ഊർജ്ജം, കുറഞ്ഞ കാർബൺ ഇന്ധനങ്ങൾ, ഊർജ്ജ പരിവർത്തനം, പ്രാദേശിക സഹകരണം എന്നിവയിൽ കൂടുതൽ നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയും ഓസ്‌ട്രേലിയയും ധാരണയായി. കൽക്കരി, ഡീസൽ, പ്രകൃതിവാതകം തുടങ്ങിയ ഊർജ്ജ ഉൽപ്പന്നങ്ങളുടെ സ്ഥിരതയാർന്ന വിതരണവും തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
ഇന്ത്യ മുന്നോട്ടുവച്ച ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസ് സംരംഭത്തെയും ഓസ്‌ട്രേലിയ പിന്തുണച്ചു. ഇന്തോ-പസഫിക് മേഖലയിലെ പ്രധാന പങ്കാളികളായ ഇന്ത്യയും ഓസ്‌ട്രേലിയയും പൊതുവായ കാഴ്ചപ്പാടും പരസ്പര വിശ്വാസവും പങ്കിടുന്ന രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഇന്ത്യയും ഓസ്‌ട്രേലിയയും ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങളും പ്രധാന സമുദ്ര ശക്തികളുമാണ്. സമാനമായ മൂല്യങ്ങളും പൊതുവായ ലോകവീക്ഷണവുമാണ് ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത്,” മോദി കൂട്ടിച്ചേർത്തു.
