തമിഴ്‌നാട്ടിൽ ജനവാസമേഖലകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിച്ചിരുന്ന 717 ടാസ്‌മാക് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടി. മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ഈ നടപടി സ്വീകരിച്ചത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, പ്രമുഖ ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പനശാലകളാണ് പൂർണ്ണമായും അടച്ചുപ്പൂട്ടിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അധികാരത്തിലേറിയാൽ ഇത്തരം മദ്യഷാപ്പുകൾ നിർത്തലാക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദ്രുതഗതിയിലുള്ള നടപടിയുണ്ടായിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് തമിഴ്‌നാട് സർക്കാർ ഈ വലിയ ദൗത്യം പൂർത്തിയാക്കിയത്. 2026 ജൂൺ മൂന്നിന് നടന്ന ആദ്യ ഘട്ടത്തിൽ 610 കടകൾ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം 107 എണ്ണം കൂടി അടച്ചതായി സംസ്ഥാന എക്സൈസ് മന്ത്രി കെ. വിഗ്നേഷ് ഔദ്യോഗികമായി അറിയിച്ചു.
ഇതോടെയാണ് ആകെ പൂട്ടിയിട്ട മദ്യശാലകളുടെ എണ്ണം 717 ആയി ഉയർന്നത്. സംസ്ഥാനത്ത് മധുര മേഖലയിലാണ് ഏറ്റവും കൂടുതൽ കടകൾക്ക് പൂട്ടുവീണത്; 290 എണ്ണം. കോയമ്പത്തൂർ മേഖലയിൽ 179 ഔട്ട്‌ലെറ്റുകളും പൂട്ടിപ്പൂയിട്ടുണ്ട്.
പെട്ടെന്നുള്ള പൂട്ടൽ കാരണം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ സർക്കാർ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്: പൂട്ടിയ കടകളിലായി ആകെ 3,474 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരിൽ 2,331 പേരെ സംസ്ഥാനത്തെ മറ്റ് ഔട്‌ലറ്റുകളിലെ ഒഴിവുകളിലേക്ക് ഇതിനകം തന്നെ മാറ്റി നിയമിച്ചു കഴിഞ്ഞു. ബാക്കിയുള്ള ജീവനക്കാരുടെ ജോലി കാര്യത്തിൽ ഉടൻ തന്നെ അനുകൂല തീരുമാനമെടുക്കുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
പുതിയ നടപടിയോടെ തമിഴ്‌നാട് സംസ്ഥാനത്തുടനീളമായി ഇനി 4,048 ടാസ്മാക് ഔട്ലറ്റുകൾ മാത്രമായിരിക്കും ഔദ്യോഗികമായി പ്രവർത്തിക്കുക.
