കടുത്ത രാഷ്ട്രീയ വിമർശനവുമായി മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായ പി. എ. മുഹമ്മദ് റിയാസ്. പൂർണ്ണമായും നവലിബറൽ കോർപ്പറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച് തയ്യാറാക്കിയ ഈ ധവളപത്രം കേരളത്തിന്റെ പൊതുസ്വത്തുക്കൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.
ധവളപത്രവുമായി ബന്ധപ്പെട്ട് ഇതിനോടകം സഭയ്ക്കകത്തും പുറത്തും ഇടതുപക്ഷം ശക്തമായ ക്രമപ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി. ഡി. സതീശൻ സഭയിൽ അവതരിപ്പിച്ച ധവളപത്രം പരിശോധിച്ചാൽ, കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരായ വിമർശനങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിച്ചതെന്ന് വ്യക്തമാകും.
ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, റെയർ എർത്ത് മിനറൽസ് തുടങ്ങി കേരളത്തിന്റെ സകല പൊതുസ്വത്തുക്കളും സ്വകാര്യവൽക്കരിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുമുള്ള നിർദ്ദേശങ്ങളാണ് ഇതിലുള്ളത്. കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും ഒരേ കോർപ്പറേറ്റ് സാമ്പത്തിക നയമാണ് പിന്തുടരുന്നതെന്നും ഇത് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ധവളപത്രത്തിലെ ജീവനക്കാരുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളെയും റിയാസ് രൂക്ഷമായി വിമർശിച്ചു:
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുവഴി തൊഴിലന്വേഷകരായ യുവജനങ്ങളോടുള്ള കടുത്ത യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തിയിരിക്കുന്നത്. നിലവിലുള്ള അഞ്ച് വർഷത്തിലൊരിക്കൽ എന്നതിൽ നിന്നും ശമ്പളപരിഷ്കരണം പത്തു വര്‍ഷത്തിൽ ഒരിക്കലായി നിജപ്പെടുത്താനുള്ള നിർദ്ദേശവും ഇതിലുണ്ട്.
വിദഗ്ധ സമിതിയുടെ ഈ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞ സാഹചര്യത്തിൽ, ഇതിലെ എല്ലാ ജനദ്രോഹ നിർദ്ദേശങ്ങളെയും യു.ഡി.എഫ് പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിൽ മുൻപ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ, കേരളത്തിൽ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു ഭരണപക്ഷത്തെയാണ് ബി.ജെ.പി സൃഷ്ടിച്ചിരിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ ഈ ധവളപത്രത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം പരസ്യമായി പിന്തുണച്ചത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
