കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയമായി ഏറെ ബോധവാന്മാരാണെന്നും, രാഹുൽ ഗാന്ധി ഉയർത്തുന്ന വിഷയങ്ങൾക്ക് സംസ്ഥാനത്ത് വലിയ സ്വീകാര്യതയില്ലെന്നും ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ഈ നിലപാട് വ്യക്തമാക്കിയത്.
സോണിയ ഗാന്ധിയും “പോറ്റി ”യുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ലേയെന്നും, ആ കൂടിക്കാഴ്ചക്ക് പിന്നിൽ ആരാണെന്ന ചോദ്യം ഉയർത്തിയും അവർ വിമർശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കോൺഗ്രസാണ് മറുപടി പറയേണ്ടതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും, ഇതേ സമയം മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ബിജെപിയെ “എ ടീം” എന്നു വിശേഷിപ്പിച്ചതിനെ പരിഹസിച്ച്, അതിലെ “എ” അദാനി, അംബാനി, അമേരിക്ക എന്നിവയെ സൂചിപ്പിക്കുന്നതാണെന്നായിരുന്നു അവരുടെ വിമർശനം.
കേരളത്തിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്നും, കോൺഗ്രസ് ബിജെപിക്കായി വോട്ടുകൾ മാറിക്കുന്നുവെന്നാരോപിച്ചും അവർ സംസാരിച്ചു. കോൺഗ്രസും ബിജെപിയും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്നും, ഇരുവരും തെറ്റായ പ്രചാരണങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും അവർ പരിഹസിച്ചു.
ഇടതുപക്ഷം ആർ.എസ്.എസ്-ബിജെപി ശക്തികൾക്കെതിരെ ഉറച്ച നിലപാടിലാണ് പ്രവർത്തിക്കുന്നതെന്നും, വയനാട്ടിനുവേണ്ടി കോൺഗ്രസ് സമാഹരിച്ച ധനം എത്രയാണെന്നും, അത് എങ്ങനെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
