തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ അതൃപ്തി ശക്തമാകുന്നു. കേരളാ കോൺഗ്രസ് എം സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിച്ച ചെയർമാൻ ജോസ് കെ മാണി സർക്കാരിന് ജനകീയ മുഖം നൽകാൻ സാധിച്ചില്ലെന്നും സിപിഐഎം പ്രവർത്തകരിൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായെന്നുമാണ് ആരോപിച്ചത്.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ, പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. പല മേഖലകളിലും സിപിഐഎം പ്രവർത്തകരുടെ വോട്ട് ലഭിച്ചില്ലെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്. ക്രോസ് വോട്ടിംഗ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും, ഇതുസംബന്ധിച്ച റിപ്പോർട്ട് ഈ മാസം അവസാനം സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നു. കൂടാതെ, പിണറായി വിജയൻ നടത്തിയ ചില പ്രസ്താവനകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന അഭിപ്രായവും നേതാക്കൾ പങ്കുവച്ചു.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ റോഷി അഗസ്റ്റിൻ , പ്രമോദ് നാരായൺ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു. “തുടരും” എന്ന തരത്തിലുള്ള പോസ്റ്റുകൾ രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് യോഗത്തിലെ വിലയിരുത്തൽ.
