കണ്ടാല്‍ സുന്ദരനാണെങ്കില്‍ പോലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവമാണ്; വിഡി സതീശനെതിരെ എം.എം. മണി

മൂഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം നേതാവ് എം.എം. മണി. ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നാറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.എം. മണി.

ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ആളാണ് വി ഡി സതീശന്‍. കണ്ടാല്‍ സുന്ദരനാണെങ്കില്‍ പോലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. നന്നായി ചിരിക്കും. ചിരി കണ്ടാല്‍ വീണുപോകും. പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും എം എം മണി പറഞ്ഞു.

സംസ്ഥാനത്ത് മുൻ ഇടത് സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ, പാർപ്പിട പദ്ധതികൾ, സാമൂഹിക സുരക്ഷാ പെൻഷനുകൾ തുടങ്ങിയ ജനക്ഷേമ നടപടികളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നിലവിലെ സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും എം.എം. മണി അഭിപ്രായപ്പെട്ടു.

ജനങ്ങൾക്ക് സൗജന്യങ്ങളും ക്ഷേമപദ്ധതികളും ഉറപ്പുനൽകുമെന്ന് പ്രഖ്യാപിച്ചാണ് സർക്കാർ അധികാരത്തിലെത്തിയതെങ്കിലും, ആ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നയങ്ങൾ സാധാരണ ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനക്ഷേമ പദ്ധതികൾ സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇടതുപക്ഷ പ്രവർത്തകരും പൊതുസമൂഹവും ഒന്നിച്ച് രംഗത്തിറങ്ങണമെന്ന് എം.എം. മണി ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക