ഷിഗെല്ല വ്യാപനം ആശങ്കാജനകം; സംസ്ഥാനത്ത് 267 പേർക്ക് രോഗബാധ, ആറു മരണം

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 267 പേർക്കാണ് രോഗം ബാധിച്ചത്. ജൂൺ മാസത്തിൽ മാത്രം 191 കേസുകൾ റിപ്പോർട്ട് ചെയ്തതും ആറ് പേർ മരിച്ചതും ആരോഗ്യരംഗത്ത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായതിനാൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് 65 പേരിലും വയനാട് 26 പേരിലും തൃശൂർ 13 പേരിലും ആലപ്പുഴയിൽ അഞ്ച് പേരിലും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.

ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം മലപ്പുറത്ത് 30 പേർക്കും തിരുവനന്തപുരത്ത് 18 പേർക്കും കൊല്ലത്ത് 13 പേർക്കും കണ്ണൂരിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് നാല് പേരും ഇടുക്കിയിലും പാലക്കാട്ടും മൂന്ന് പേർ വീതവും രോഗബാധിതരായി.

അശുദ്ധമായ ഭക്ഷണവും മലിനജലവുമാണ് ഷിഗെല്ല രോഗബാധയുടെ പ്രധാന കാരണമായി കണക്കാക്കുന്നത്. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും ഭക്ഷണം മൂടിവെച്ച് സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി, വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

രോഗവ്യാപനം തടയാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ശുചിത്വം പാലിക്കുന്നതിലൂടെയും ആരോഗ്യ നിർദേശങ്ങൾ കർശനമായി പിന്തുടരുന്നതിലൂടെയും മാത്രമേ രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക