പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകനായ അമീർ ഹംസ ലാഹോറിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ഹംസ ഇപ്പോൾ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.
സംഘടനയുടെ തലവനായ ഹാഫിസ് സയീദിന് ശേഷം പ്രധാന സ്വാധീനമുള്ള നേതാക്കളിൽ ഒരാളായിരുന്ന ഹംസ, ലഷ്കർ-ഇ-തൊയ്ബയുടെ തുടക്കം മുതൽ സയീദിന്റെ അടുത്ത അനുയായിയും ഉപദേഷ്ടാവുമായിരുന്നു. യുഎസ് ട്രഷറി വകുപ്പ് അദ്ദേഹത്തെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ എന്നിവയും അദ്ദേഹത്തെ നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ, പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിർത്തി കടന്ന് ഭീകരരെ കടത്തുക, ഫണ്ടിംഗ് എന്നിവയിൽ ഹംസ നിർണായക പങ്കുവഹിച്ചതായും ഇന്റലിജൻസ് വിലയിരുത്തലുകൾ പറയുന്നു.
