ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ചർച്ചയ്ക്ക് പോയത്; എം.എം. ഹസന്റെ പരാമർശം ഖേദകരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

ഘടകകക്ഷികൾക്കെതിരായ എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർ.എസ്.പി നേതാവും എംപിയുമായ എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ഡൽഹിയിലെത്തി ചർച്ച നടത്തിയതെന്നും എം.എം. ഹസന്റെ പ്രതികരണം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചയല്ല ഡൽഹിയിൽ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരുത്തേണ്ട മാറ്റങ്ങളുമാണ് ചർച്ച ചെയ്തതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഘടകകക്ഷികളെ കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചയ്ക്കായി ക്ഷണിച്ചത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർക്കിടയിൽ നിരാശയുണ്ടെന്നും തീരുമാനം ഇനിയും നീണ്ടുപോയാൽ വലിയ പ്രതിഷേധത്തിന് ഇടയാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കേരളത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി തർക്കം യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് മങ്ങലേൽപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. ഇത്തവണ “ടീം യുഡിഎഫ്” എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് മുന്നണിയുടെ വലിയ വിജയത്തിന് കാരണമായതെന്നും എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക