കവചിത വാഹനങ്ങൾ ഉപയോഗിച്ചുമാത്രമേ നീക്കം നടത്താവൂ; മണിപ്പൂരിൽ സിആർപിഎഫ് നീക്കങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ

മണിപ്പൂരിലും നാഗാലാൻഡിലും അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ രണ്ട് പതിയിരുന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) പ്രവർത്തനങ്ങൾക്ക് പുതിയ സുരക്ഷാ നിർദേശങ്ങൾ നൽകി. കവചിത വാഹനങ്ങൾ ഉപയോഗിച്ചുമാത്രമേ സേനാംഗങ്ങളുടെ നീക്കം നടത്താവൂ എന്നും പെട്ടെന്നുള്ളതോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ വിന്യാസങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.

ആയുധധാരികളായ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, “തോക്കുമായി ആരെയെങ്കിലും കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യുകയോ കീഴടങ്ങാൻ തയ്യാറാകാത്ത പക്ഷം വെടിവെക്കുകയോ ചെയ്യും” എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സംസ്ഥാനത്ത് സായുധ ഗ്രൂപ്പുകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, ജൂണിൽ സിആർപിഎഫ് പ്രത്യേക കമാൻഡോ വിഭാഗമായ കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ (കോബ്ര)-യുടെ രണ്ട് ബറ്റാലിയനുകളെ മണിപ്പൂരിൽ വിന്യസിച്ചിരുന്നു. ബങ്കറുകൾ പൊളിച്ചുമാറ്റൽ, അനധികൃത ആയുധങ്ങൾ പിടിച്ചെടുക്കൽ, സായുധ സംഘങ്ങൾക്കെതിരായ പ്രത്യേക ഓപ്പറേഷനുകൾ എന്നിവയാണ് ഈ സേനയുടെ പ്രധാന ദൗത്യങ്ങൾ.

മറുപടി രേഖപ്പെടുത്തുക