അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ആത്മഹത്യ കേസിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു. ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്നാണ് വൈകിട്ട് 6 മണിവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിൽ ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തെ തമ്പാനൂരിൽ ഹർത്താൽ അനുകൂലികളും ബസ് യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. കണ്ണൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും ബസുകൾ തടഞ്ഞ് പ്രതിഷേധം നടന്നു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം റോഡ് ഉപരോധിക്കുകയും കടകൾ അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും സംഘടിപ്പിച്ചു.
പ്രതിഷേധക്കാർ ചില സ്ഥാപനങ്ങളും അടപ്പിച്ചു. കേരള ബാങ്ക് ശാഖയും റിലയൻസ് മാർട്ടും പ്രതിഷേധക്കാരെത്തി അടപ്പിച്ചു.
കണ്ണൂർ ജില്ലയിലെ ചേലേരി മുക്കിൽ ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ദളിത് സംഘടന പ്രവർത്തകർ പ്രതിഷേധം നടത്തി. വൈക്കം വലിയ കവലയിൽ വാഹനങ്ങൾ തടഞ്ഞു. അവശ്യ സർവീസുകൾ ഒഴിവാക്കുമെന്ന പ്രഖ്യാപനം നിലനിൽക്കാത്ത രീതിയിലാണ് ചില പ്രതിഷേധങ്ങൾ നടന്നത്. മാന്നാർ പുത്തുവിളപ്പടിയിൽ കുടിവെള്ളം കൊണ്ടുപോയ വാഹനത്തെ ആക്രമിച്ചു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലും പ്രതിഷേധം നടന്നപ്പോൾ ബസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് എത്തി മാറ്റി.
