പ്രശസ്ത ഹിന്ദി ചലച്ചിത്ര-ടെലിവിഷൻ നടനായ ഭാരത് കപൂർ (80) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. നടൻ അവതാർ ഗിൽ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. മുംബൈയിലെ സിയോൺ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
1970കളിൽ അഭിനയരംഗത്തേക്ക് എത്തിയ ഭരത് കപൂർ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. പ്രധാനമായും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അദ്ദേഹം ടെലിവിഷൻ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
നൂറി (1979), റാം ബൽറാം (1980), ലവ് സ്റ്റോറി (1981), ബസാർ (1982), ഗുലാമി (1985), സത്യമേവ ജയതേ (1987) തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
അതുപോലെ ‘ക്യാംപസ്’, ‘പരംപര’, ‘രാഹത്’, ‘സാന്‍സ്’, ‘അമാനത്’, ‘താര’, ‘ചുനൗട്ടി’, തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
