നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് തുടക്കത്തിൽ തിരിച്ചടി നേരിട്ടിരുന്നു . യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെതിരെ ഒരുഘട്ടത്തിൽ 2800ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്ന പിണറായി വിജയൻ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.
എട്ടാം റൗണ്ട് പൂർത്തിയായപ്പോഴേക്കും 3659 വോട്ടുകളുടെ ലീഡുമായി അദ്ദേഹം മുന്നിലെത്തിയതായി ട്രെൻഡുകൾ സൂചിപ്പിക്കുന്നു. തുടക്കത്തിലെ പിന്നാക്കം എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചെങ്കിലും പിന്നീട് നില മെച്ചപ്പെട്ടതോടെ ആശ്വാസം ലഭിച്ചു.
തുടർച്ചയായ ഭരണമാണ് ലക്ഷ്യമെന്ന് വോട്ടെണ്ണലിന് മുമ്പ് തന്നെ പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 90ലധികം സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ അവകാശവാദം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രഘുനാഥിനെ പരാജയപ്പെടുത്തി അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായത്.
