അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഹിന്ദു വിശ്വാസികളെയും രാമഭക്തരെയും ആഴത്തിൽ വേദനിപ്പിക്കുന്ന സംഭവമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കി.
സംഭവത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്തർ സമർപ്പിച്ച സംഭാവനകൾ ദുരുപയോഗം ചെയ്യപ്പെട്ടെന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ഇത് കോടിക്കണക്കിന് രാമഭക്തരുടെ വികാരങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും ഹൊസബാളെ പറഞ്ഞു. ക്ഷേത്രത്തിന്റെ ഭരണ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് വിഷയത്തെ അസാധാരണ ഗൗരവത്തോടെ കാണണമെന്നും ഭരണപരമായ വീഴ്ചകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വേഗത്തിൽ അറുതിവരുത്തേണ്ടതുണ്ടെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തോടും അതിന്റെ ഭരണ സംവിധാനത്തോടും ഭക്തർക്കുള്ള വിശ്വാസം നിലനിർത്താൻ സുതാര്യമായ നടപടികൾ അനിവാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഈ വിഷയത്തെ ചില ഹിന്ദു വിരുദ്ധ-രാജ്യവിരുദ്ധ ശക്തികൾ ഹിന്ദു മതത്തെയും വിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവും ഹൊസബാളെ ഉന്നയിച്ചു. നിലവിലെ സാഹചര്യത്തിൽ ഹിന്ദുസമൂഹം ക്ഷമയും സംയമനവും പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശ്രദ്ധേയമായ കാര്യം, ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ സംശയനിഴലിലുള്ള ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനെ നേരിട്ട് കുറ്റപ്പെടുത്താതെയായിരുന്നു ആർഎസ്എസ് നേതൃത്വത്തിന്റെ പ്രതികരണം. ഭരണപരമായ പിഴവുകൾ പരിഹരിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
