വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സ്വകാര്യ കമ്പനികൾക്ക് ഓഹരികൾ കൈമാറുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ . ഇത്തരത്തിലുള്ള ഓഹരി കൈമാറ്റങ്ങൾ സർക്കാരിനെ അറിയിക്കാതെയോ അനുമതിയില്ലാതെയോ നടത്താൻ സാധിക്കില്ലെന്നും, ഈ വിഷയത്തിൽ സർക്കാരുമായി കൂടിയാലോചന നടന്നിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ വിഴിഞ്ഞം തുറമുഖ വികസനത്തിൽ പൂർണ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓഹരി ഘടനയിലെ മാറ്റങ്ങൾ സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് ഗുണമാണ് നൽകുന്നതെന്ന് സർക്കാർ വ്യക്തമായി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന നയങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ബിജെപി മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകൾ സർക്കാർ സ്വീകരിച്ച് നടപ്പാക്കുന്നതിനെ “കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്നു” എന്നും അദ്ദേഹം പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖം കൂടുതൽ വികസിപ്പിക്കണമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണെന്നും, പദ്ധതിയുടെ പുരോഗതിക്കായി സർക്കാരും സ്വകാര്യ കമ്പനികളും ചേർന്ന് പ്രവർത്തിക്കുന്നതിനെ പാർട്ടി അനുകൂലമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം സുതാര്യതയും പൊതുതാൽപര്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
