ഞെട്ടിക്കുന്ന തട്ടിപ്പ് ; ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ വെങ്കിടേശ്വര സ്വാമിയുടെ സ്വർണ്ണ കിരീടം ബാങ്കിൽ രഹസ്യമായി പണയം വച്ചു

ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിലെ കല്യാണ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഗുരുതര ക്രമക്കേട് പുറത്തുവന്നു. ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഭഗവാന്റെ സ്വർണ്ണ കിരീടം രഹസ്യമായി ബാങ്കിൽ പണയം വെച്ച് ലക്ഷങ്ങൾ വായ്പയായി എടുത്തെന്നാണ് ആരോപണം.

മാതുരു സുബ്ബറാവു എന്ന ദാതാവ് 2025ൽ ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ കിരീടമാണ് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. എന്നാൽ അടുത്തിടെ ഭഗവാനെ കിരീടം അണിയിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ദാതാക്കളും ഭക്തരും സംശയം ഉന്നയിച്ചു. ഇതോടെയാണ് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ കിരീടം 38 ലക്ഷം രൂപയ്ക്ക് പണയം വെച്ചതായി സമ്മതിച്ചത്.

സംഭവത്തിൽ ദാതാവായ മാതുരു സുബ്ബറാവു കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ഭക്തരുടെ സാന്നിധ്യത്തിൽ സമർപ്പിച്ച സ്വർണ്ണ കിരീടം ഇത്തരത്തിൽ ഉപയോഗിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും, ഇത് സിവിൽ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പോലീസ് നിർദേശിച്ചതെന്ന് ദാതാവ് ആരോപിച്ചു.

ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് മങ്ങലേൽപ്പിച്ച കമ്മിറ്റി അംഗങ്ങളിൽ നിന്ന് സ്വർണ്ണ കിരീടം ഉടൻ തിരിച്ചുപിടിക്കണമെന്നും, ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്ന മറ്റൊരു ക്ഷേത്രത്തിന് അത് സമർപ്പിക്കുമെന്നും ദാതാക്കൾ വ്യക്തമാക്കി.

ഭഗവാന്റെ സ്വത്തായി കണക്കാക്കപ്പെടുന്ന സമർപ്പിത സ്വർണ്ണാഭരണം പോലും രഹസ്യമായി പണയം വെച്ച സംഭവം പ്രദേശത്ത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക