തൃശൂര്‍ വെടിക്കെട്ട് സ്‌ഫോടനം: മജിസ്റ്റീരിയല്‍ തല അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

തൃശൂരിലെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 13 പേര്‍ ചികിത്സയിലാണ്, ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡിഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മീഷണര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുവെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകടത്തിന്റെ കാരണംയും അനന്തരഫലങ്ങളും വിശദമായി പരിശോധിക്കാന്‍ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളും ആംബുലന്‍സുകളും പൂര്‍ണ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രോണ്‍ സംവിധാനത്തിന് പുറമെ റോബോട്ടിക് സംവിധാനവും ഏര്‍പ്പെടുത്താനാണ് തീരുമാനം. ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപകടസമയത്ത് 30 മുതല്‍ 40 പേര്‍ വരെ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എല്ലാവരെയും കണ്ടെത്തി പുറത്തെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് കളക്ടര്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക