സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കാനും ക്രമക്കേടുകൾക്ക് തടയിടാനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിർണായക നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രങ്ങൾ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. റേഷൻ വിതരണത്തിലെ കള്ളത്തൂക്കം, അളവുകുറവ്, മറ്റ് ക്രമക്കേടുകൾ എന്നിവ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം.
പുതിയ സംവിധാനത്തിന്റെ ഭാഗമായി റേഷൻ കടകളിലെ തൂക്കയന്ത്രങ്ങൾ ഇ-പോസ് (e-POS) യന്ത്രങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കും. ഇതിലൂടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്താനും വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും സാധിക്കും. റേഷൻ വിതരണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റലായി നിരീക്ഷിക്കാൻ കഴിയുന്നതോടെ കൃത്രിമത്തിനും ദുരുപയോഗത്തിനും സാധ്യത കുറയും.
ഇതോടൊപ്പം റേഷൻ വിതരണ സോഫ്റ്റ്‌വേർ കൂടുതൽ ആധുനികമാക്കാനും വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഗുണഭോക്താവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ വിതരണ സമയത്ത് പ്രദർശിപ്പിക്കുന്ന സംവിധാനം നടപ്പാക്കുന്നതിലൂടെ ആൾമാറാട്ടവും അനധികൃത വിതരണവും തടയാനാകുമെന്നാണ് വിലയിരുത്തൽ.
റേഷൻ കടകളിൽ ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട് അളവിലെ വ്യത്യാസം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, സർക്കാരിന് ലഭിക്കേണ്ട മുഴുവൻ തുകയും അടയ്ക്കാത്തത് തുടങ്ങിയ പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കാൻ വകുപ്പ് തീരുമാനിച്ചത്.
വർഷങ്ങളായി കേന്ദ്ര സർക്കാർ നിർദേശിച്ചുവരുന്ന ഇ-നിരീക്ഷണ സംവിധാനമാണ് ഇപ്പോൾ സംസ്ഥാനത്ത് സമഗ്രമായി നടപ്പാക്കാൻ ഒരുങ്ങുന്നത്. മുൻപ് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി പൂർണ വിജയത്തിലെത്തിയിരുന്നില്ല. ഇത്തവണ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമായി പദ്ധതി നടപ്പാക്കാനാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നീക്കം.
