നിർണായക ധാതുക്കളിൽ ഇന്ത്യ-അമേരിക്ക തന്ത്രപരമായ കരാർ; ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളി

സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, ഹൈടെക് പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് അനിവാര്യമായ നിർണായക ധാതുക്കളിലും അപൂർവ ഭൂമിയിലും സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും തന്ത്രപരമായ കരാറിൽ ഒപ്പുവച്ചു. ചൈനയുടെ ആധിപത്യത്തെ മറികടന്ന് ആഗോള വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും സാന്നിധ്യത്തിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു കരാർ ഒപ്പുവെച്ചത്.

നിർണായക ധാതുക്കളുടെയും അപൂർവ ഭൂമികളുടെയും ഖനനം, സംസ്കരണം, പുനരുപയോഗം, വിതരണം എന്നിവയിൽ സഹകരണം വർധിപ്പിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്ന് എസ്. ജയ്ശങ്കർ വ്യക്തമാക്കി. ഊർജ്ജം, സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഭാവി വികസനത്തിന് ഈ സഹകരണം നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിതരണ ശൃംഖലകൾ ഒരു രാജ്യത്തിന്റെ നിയന്ത്രണത്തിൽ മാത്രമാകരുതെന്നതാണ് ഇന്ത്യയും അമേരിക്കയും പങ്കിടുന്ന തന്ത്രപരമായ നിലപാടെന്ന് മാർക്കോ റൂബിയോ പറഞ്ഞു. നിർണായക ധാതുക്കളുടെ ദീർഘകാലവും വിശ്വസനീയവുമായ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും സ്ഥിരതയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കാനുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള നീക്കമായ ‘പാക്‌സ് സിലിക്ക’ പ്രഖ്യാപനത്തിലും ഇന്ത്യ പങ്കാളിയായതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക