മണ്ഡല പുനർനിർണയത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ച് നിലകൊള്ളണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്‌സഭാ സീറ്റുകളുടെ വിപുലീകരണം പതിറ്റാണ്ടുകളായി തുടരുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ രൂപമാണെന്നും, സാമ്പത്തിക മേഖലയിൽ പോലെ തന്നെ രാഷ്ട്രീയപരമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്നും കത്തിൽ ആരോപിക്കുന്നു. ശക്തമായ പ്രതിരോധം ആവശ്യമാണെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുഖ്യമന്ത്രിമാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. അതിനുശേഷമാണ് ഇപ്പോൾ പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി രംഗത്തെത്തിയത്.
വനിതാ സംവരണം നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് ലോക്‌സഭ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി എല്ലാ എംപിമാർക്കും കത്തയച്ചിട്ടുണ്ട്.
ഈ മാസം 16, 17, 18 തീയതികളിലാണ് പാർലമെന്റിൽ ചർച്ച നടക്കുന്നത്. ഇതിനുമുമ്പ് കരട് ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി. സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളും വർധിപ്പിക്കാനാണ് നിർദേശം.
